തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത മഹോത്സവത്തിന്റെ ഭാഗമായി 'ഗാന്ധിജിയും കേരളത്തിലെ ദേശീയ പ്രസ്ഥാനവും' എന്ന വിഷയത്തിൽ സംസ്ഥാന പുരാവസ്തു വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഏതൊരു രാജ്യത്തിനും സ്വാതന്ത്ര്യം എന്നത് മഹനീയമാണെന്നും സ്വാതന്ത്ര്യ സമരമെന്ന മഹത്തായ പ്രക്ഷോഭത്തെയും അതിൽ പങ്കാളികളായ നൂറ് കണക്കിന് വ്യക്തികളെയും ഓർക്കാനുള്ള സന്ദർഭമാണ് ഇത്തരം പരിപാടികളെന്നും മന്ത്രി പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കണ്ട് ഗാന്ധിജി ഇടപെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ ഹിൽപാലസ് മ്യൂസിയത്തിൽ നടന്ന പരിപാടിയിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ് മുഖ്യാതിഥിയായി. മുൻ എം.പിയും മാധ്യമ നിരീക്ഷകനുമായ ഡോ.സെബാസ്റ്റ്യൻ പോൾ വിഷയാവതരണം നടത്തി. നഗരസഭാ കൗൺസിലർ സി.കെ.ഷിബു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, പൈതൃക പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.ആർ.രാഘവൻ, പുരാവസ്തു വകുപ്പ് വിദ്യാഭ്യാസ ഓഫീസർ കെ.വി.ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗാന്ധിജിയുടെ കേരള പര്യടനം എന്ന വിഷയത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുടെ രംഗാവിഷ്‌കാരവും ദേശഭക്തിഗാനാലാപനവുമുണ്ടായിരുന്നു.