കൊച്ചി: വാദ്യവിദഗ്ദ്ധരും ആസ്വാദകരും ചേർന്നൊരുക്കുന്ന കാലടി പഞ്ചവാദ്യോത്സവത്തിന്റെ രജതജൂബിലി ആഘോഷം 14,15 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതിവനുസരിച്ച് കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 15നാണ് നൂറുകണക്കിന് വാദ്യകാലകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യ മഹോത്സവം അരങ്ങേറുന്നത്. ഇക്കുറി രണ്ടു ദിവസത്തെ ആഘോഷപരിപാടികളാണ്.

14ന് വൈകിട്ട് അഞ്ചിന് പനങ്ങോട്ടുകര പുരുഷോത്തമന്റെ നേതൃത്വത്തിൽ പഞ്ചമദ്ദളക്കേളിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. 15ന് വൈകിട്ട് 6 മുതൽ പഞ്ചവാദ്യമേളം ആരംഭിക്കും. പഞ്ചവാദ്യകലാകാരന്മാരായ കാവിൽ അജയൻ, മച്ചാട് ഹരിദാസ്, കുമ്മത്ത് ഗിരീഷ് കുമാർ എന്നിവരെ ഒരുപവൻ സുവർണ്ണമുദ്ര നൽകി ആദരിക്കും. ചോറ്റാനിക്കര വിജയൻ മാരാർ, ചേർപ്പുളശേരി ശിവൻ, തിച്ചൂർ മോഹനൻ, മച്ചാട് മണികണ്ഠൻ, പാഞ്ഞാൾ വേലുക്കുട്ടി, മറ്റൂർ മണി എന്നിവർ ഇത്തവണത്തെ പഞ്ചവാദ്യത്തിന് പ്രമാണം അലങ്കരിക്കും. ചോറ്റാനിക്കര നാരായണൻ മാരാർ, അന്നമനട പരമേശ്വരമാരാർ എന്നിവരുടെ നേതൃത്വത്തിലാണ് 1997 മുതൽ ആഗസ്റ്റ് 15ന് പഞ്ചവാദ്യമേളം തുടങ്ങിയത്. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രകലകളെ കുറിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും പഞ്ചവാദ്യ ആസ്വദക സമിതി ഭാരവാഹികളായ ആർ.കെ. ദാമോദരൻ, എച്ച്. പരശുരാമൻ, പാലേലി മോഹൻ എന്നിവർ അറിയിച്ചു.