മൂവാറ്റുപുഴ: കഴിഞ്ഞ അഞ്ച് ദിവസമായി പെയ്ത കനത്ത മഴ മൂവാറ്റുപുഴയിലെ വ്യാപാര മേഖലയുടെ താളം തെറ്റിച്ചു. പ്രളയ ഭീതിയിൽ കച്ചവടം നടത്താനോ ലോഡ് ഇറക്കാനോ വ്യാപാരികൾക്ക് സാധിക്കുന്നില്ല. വെള്ളം കയറിയാൽ സുരക്ഷിത ഇടങ്ങളിലേക്ക് സ്റ്റോക്ക് മാറ്റാൻ ലോറികളും തൊഴിലാളികളെയും ഒരുക്കിനിർത്തേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. കഴിഞ്ഞ ദിവസം കുറച്ചുപേർ അരി അടക്കമുള്ള സ്റ്റോക്ക് മാറ്റിത്തുടങ്ങിയിരുന്നു. എല്ലാ വർഷവും മഴക്കാലത്ത് മൂവാറ്റുപുഴയിലെ വ്യാപാരികൾ ദുരിതത്തിലാണ്. വെള്ളം കയറി നിൽക്കുന്ന അവസ്ഥയിൽ മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി ഉത്പാദനം കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇതുമൂലം മൂവാറ്റുപുഴയാറിലെ ജലമൊഴുക്ക് കൂടുന്നു. മലങ്കരയിലെ ഷട്ടർ തുറക്കുന്ന സമയം കാളിയർ പുഴയിൽ നിന്നുള്ള വെള്ളത്തിനൊപ്പം തോരാമഴയും കൂടി ചേരുമ്പോൾ മൂവാറ്റുപുഴ പ്രളയത്തിലകപ്പെടുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും വ്യാപാരികളുടെ നഷ്ടം നികത്താൻ ധനസഹായ പദ്ധതികൾ നടപ്പാക്കണമെന്നും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജ്മൽചക്കുങ്ങൽ ആവശ്യപ്പെട്ടു.