ചോറ്റാനിക്കര: അപകടമേഖലയായി മുളന്തുരുത്തി- ചോറ്റാനിക്കര റോഡിലെ എരുവേലി കവല. ചോറ്റാനിക്കര റോഡും കുരീക്കാട് പൈനുങ്ങൽ പാറ റോഡും സംഗമിക്കുന്ന നാലും കൂടിയ കവലയാണ് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾക്ക് ദിവസവും സാക്ഷ്യം വഹിക്കുന്നത്. തിരക്കേറിയ കവലയിൽ അപകടങ്ങൾ വർദ്ധിച്ചിട്ടും പരിഹാരനടപടികൾ വൈകുകയാണ്. റോഡുകൾ മികച്ച രീതിയിൽ ടാർ ചെയ്തശേഷം അമിതവേഗത്തിലാണ് വാഹനങ്ങളുടെ സഞ്ചാരം. ഒരു മാസത്തിനിടയ്ക്ക് ഒട്ടേറെ അപകടങ്ങൾ ഇവിടെയുണ്ടായി. കഴിഞ്ഞദിവസം അമിത വേഗത്തിൽ വന്ന രണ്ട് കാറുകൾ കൂട്ടിയിടിച്ചിരുന്നു. ബസ് ഇറങ്ങുന്ന യാത്രക്കാർ റോഡ് മുറിച്ചു കടക്കുമ്പോഴും ഇവിടെ അപകടങ്ങൾ പതിവാണ്. അപകടങ്ങൾ തുടർക്കഥയായിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനോ ട്രാഫിക് നിയന്ത്രണത്തിനോ അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ഫോട്ടോ: ചോറ്റാനിക്കര മുളന്തുരുത്തി റോഡിലെ എരുവേലി കവലയിലെ തിരക്കേറിയ ഒരു ദൃശ്യം(കഴിഞ്ഞദിവസം അപകടമുണ്ടായ രണ്ട് കാറുകൾ സമീപത്ത് കാണാം )