കോലഞ്ചേരി: കലിതുള്ളിയ കാലവർഷം കർഷകരെ ചതിച്ചു. കൊവിഡ് കാലത്തെ നഷ്ടം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിനിടെ ഓണവിപണി മുന്നിൽക്കണ്ട് നട്ടുവളർത്തിയ വിളകൾ വെള്ളത്തിലായി. ഇതോടെ ചെറുകിട കർഷകർ ആത്മഹത്യയുടെ വക്കിലാണ്.
കൊവിഡ് വ്യാപനം ശക്തമായപ്പോൾ പ്രമുഖ മാർക്കറ്റുകൾ അടച്ചതും നിയന്ത്രണങ്ങൾ കടുപ്പിച്ചതും കർഷകർക്ക് നേരത്തെ തിരിച്ചടിയായിരുന്നു. ഓണക്കാലമായിരുന്നു ഏക പ്രതീക്ഷ. മഴ ചതിച്ചതോടെ ഇനിയെന്ത് എന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. തുടർച്ചയായി പെയ്ത മഴ കൃഷിയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കി. ഓണക്കാലത്തേക്കുള്ള ഏത്തവാഴയും കിഴങ്ങുവർഗങ്ങളുമാണ് കർഷകർ കൂടുതലായി താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നത്. കാലാവസ്ഥ അനുകൂലമായാൽ പ്രതീക്ഷിക്കുന്ന വിളവും ലാഭവും കിട്ടും. എന്നാൽ കാറ്റും മഴയും ചതിച്ചാൽ വായ്പയെടുത്ത പണം പോലും തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടും. തിരുവാണിയൂർ, മഴുവന്നൂർ സ്വശ്രയ കർഷക വിപണികൾ വഴിയാണ് വിളകളുടെ മൊത്ത വില്പന. കച്ചവടക്കാരുടെ വരവ് കൂടുന്നതനുസരിച്ച് വിപണിയിൽ മത്സര ലേലം നടക്കുകയും വില കൂടുതൽ ലഭിക്കുകയും ചെയ്യും.
വെള്ളത്തിൽ മുങ്ങിയ കൃഷിയിടങ്ങൾ
മഴുവന്നൂർ, കടയ്ക്കനാട്, ഐരാപുരം, മഞ്ചനാട‌് മേഖലകളിൽ കൃഷിയിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. മൂവാറ്റുപുഴയാറിന്റെ കൈ വഴികളിൽ നിന്ന് എത്തുന്ന വെള്ളമാണ് കർഷക സ്വപ്നങ്ങളെ തകർത്തത്. ആറ്റിൽ ജലനിരപ്പ് താഴ്ന്നാലും കൃഷിയിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഇറങ്ങാൻ വൈകും.
ലക്ഷങ്ങളുടെ ബാദ്ധ്യത
കടയ്ക്കനാട‌് വിവിധ കർഷകരുടേതായി അയ്യായിരത്തിനടുത്ത് ചുവട് കപ്പയും ആയിരത്തിനടുത്ത് കുലച്ച വാഴയാണ് വെള്ളക്കെട്ടിൽ നശിച്ചത്. ഓണ വിപണി ലക്ഷ്യമിട്ടായിരുന്ന വാഴക്കൃഷി. കനത്ത മഴ ലക്ഷങ്ങളുടെ ബാദ്ധ്യതയുമുണ്ടാക്കിയതായി കർഷക മോർച്ച നിയോജക മണ്ഡലം കമ്മിറ്റി അംഗം വിനോജ് കുമാർ പറഞ്ഞു. മഴുവന്നൂർ മേഖലയിൽ പച്ചക്കറിക്കൃഷിക്കും നാശമുണ്ടായി. തുടർച്ചയായി പെയ്ത മഴയിൽ വിളകൾ ചീഞ്ഞിട്ടുണ്ട്.