വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവത്കരണ പ്രചാരണ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കുഴുപ്പിള്ളിയിൽ നടത്തും. കളക്ടറേറ്റിൽ വിളിച്ച ചേർത്ത കൂടിയാലോചന സമിതി യോഗത്തിൽ തീരുമാനമുണ്ടായതെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ആദ്യ പരിപാടിയായ 10,000 പേരുടെ തീരനടത്തം 16ന് വൈകിട്ട് നാലിന് കുഴുപ്പിള്ളി ബീച്ചിൽ നടക്കും.

തീരനടത്തത്തിന് ശേഷം കലാപ്രകടനങ്ങൾ ഉണ്ടാകും. കല, കായികം,സിനിമ, സാംസ്‌കാരികം ഉൾപ്പെടെ വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. 19ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കും. ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ഗ്രന്ഥശാല സംഘം, വിവിധ സന്നദ്ധ സാമൂഹിക രാഷ്ട്രീയ സംഘടനകൾ തുടങ്ങിയവരെ പദ്ധതിയുടെ ഭാഗമാക്കും. മെഴുകുതിരി നടത്തം, ബോധവത്കരണ ക്ലാസുകൾ, പ്ലെക്കാർഡ് ജാഥ തുടങ്ങി പദ്ധതിയുടെ വിജയത്തിനായി വിവിധ മാർഗങ്ങൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
യോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദു മോൾ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.