rancy

കൊച്ചി: ആദ്യ പരിശ്രമത്തിൽ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ സന്തോഷത്തിലാണ് എടത്തല സ്വദേശി എ.എ. റൻസി ഖാദർ. 2019ലാണ് റൻസി ആദ്യമായി പി.എസ്.സിയിൽ രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് എൽ.ഡി.സി തസ്തികയിലേക്ക് അപേക്ഷിച്ച് പഠനം തുടങ്ങി. ഒരുമാസം കോച്ചിംഗിന് പോയെങ്കിലും കൊവിഡിനെ തുടർന്ന് നിറുത്തി. തുടർന്ന് സ്വന്തമായി പഠിക്കാൻ തുടങ്ങി. ടെലിഗ്രാമിലെ ഗ്രൂപ്പിൽ അംഗമായി കൂടുതൽ പഠിച്ചു. 2021ൽ പ പ്രെലിമിനറി പാസായി. പിന്നീട് മെയിൻ പരീക്ഷയ്ക്കായി പഠനം തുടങ്ങി. അതും വിജയിച്ച് ജില്ലയിൽ ഒന്നാം റാങ്കുകാരിയായി.

മൂന്ന് കുട്ടികളുടെ കാര്യങ്ങൾ ചെയ്ത ശേഷം കിട്ടുന്ന സമയത്തെല്ലാം പഠിക്കുകയായിരുന്നു രീതി. എൽ.ഡി ക്ലാർക്ക് പരീക്ഷ വിജയിച്ചെങ്കിലും ബിരുദതല പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിലാണ് ഈ മുപ്പത്തിരണ്ടുകാരി. ബി.എസ്‌സി ബിരുദധാരിയായ റൻസി കെ.എസ്.ആർ.ടി.സി അസിസ്റ്റന്റ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്രന്റ് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കായി പഠനത്തിലാണിപ്പോൾ.

നോർത്ത് ഏഴിപ്പുറം ഐനാലിക്കുടിയിൽ ഖാദറിന്റെയും ലൈലയുടെയും മകളാണ്. കുഞ്ചാട്ടുകര പഴയിടത്ത് പി.എ. ഷെമീറാണ് ഭർത്താവ്. ഏഴാംക്ലാസ് വിദ്യാർ‌ത്ഥി മുഹമ്മദി നിഹാൽ, രണ്ടാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നബീൽ, എൽ.കെ.ജി വിദ്യാ‌ർത്ഥി മുഹമ്മദ് നായിസ് എന്നിവരാണ് മക്കൾ.