കൊച്ചി: ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇടുക്കി ഡാം ഇന്ന് രാവിലെ തുറക്കുമെങ്കിലും ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ശക്തമായ മഴമാറിനിൽക്കുകയും നീരൊഴുക്ക് കുറയുകയുംചെയ്ത സാഹചര്യത്തിൽ കുറഞ്ഞ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്നതിനാൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പെരിയാറിലെ ജലനിരപ്പിൽ കാര്യമായി വ്യത്യാസമുണ്ടാകാനിടയില്ല. 2021ൽ 100ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമിൽനിന്ന് തുറന്നുവിട്ടത്. ലോവർ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്തശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് താഴേക്ക് ഒഴുകിയെത്തിയത്.
ഇടമലയാർഡാമിന് മുകളിലുള്ള തേനാർഡാം പ്രദേശത്ത് ശക്തമായ മഴതുടർന്ന സാഹചര്യത്തിൽ 2021ൽ ഇടമലയാർ ഡാമിൽനിന്ന് 100ക്യൂമെക്‌സ് ജലം അന്ന് പുറത്തേക്ക് വിട്ടിരുന്നു. 140 ക്യൂമെക്‌സ് ജലം പെരിയാറിൽ അധികമായി ഒഴുകിയിട്ടും കാലടി മേഖലയിൽ അന്ന് അഞ്ചുസെന്റിമീറ്റർ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. മറ്റു പ്രദേശങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായതുമില്ല.
മുല്ലപ്പെരിയാറിൽ നിന്ന് കുറഞ്ഞ നിരക്കിൽമാത്രം ജലം പുറത്തേക്ക് ഒഴുക്കുന്നതും ഇടമലയാറിൽ ബ്ലൂഅലർട്ട് മാത്രമാണ് ഉള്ളതെന്നതും ആശങ്കയകറ്റുന്നുണ്ട്. പെരിയാറിലെ ജലനിരപ്പ് എല്ലാമേഖലയിലും അപകടനിലയ്ക്ക് താഴെയുമാണ്.
ഇടുക്കി ഡാമിൽനിന്ന് ജലം എത്തുന്ന ഡാമുകളും പെരിയാർ നദിയും ഉദ്യോഗസ്ഥരുടെ പൂർണ നിരീക്ഷണത്തിലാണെന്ന് കളക്ടർ ഡോ. രേണുരാജ് പറഞ്ഞു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ഡാം തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി. രാജീവും വ്യക്തമാക്കി.
ഡാം തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ചേർന്ന അവലോകനയോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.