കൊച്ചി: കലൂരിൽ അഞ്ചു ലക്ഷത്തിലേറെ രൂപ വില വരുന്ന എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘവുമായി ബന്ധമുള്ള തോപ്പുംപടി സ്വദേശി അലൻ ടോണി (33) പൊലീസിന്റെ പിടിയിലായി. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപത്ത് നിന്ന് 102.4 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഓടിച്ചിട്ട് പിടികൂടിയ കേസിലെ കൂട്ടുപ്രതിയാണിയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കളമശേരി സി എം മടവൂർ വീട്ടിൽ ഹാറൂൺ സുൽത്താൻ(22), മട്ടാഞ്ചേരി നസ്രത്ത് വലിയമരത്തിങ്കൽ വീട്ടിൽ അലിൻ ജോസഫ്(29), തോപ്പുംപടി ചുള്ളിക്കൽ വലിയപറമ്പിൽ നിജു പീറ്റർ (30) എന്നിവരാണ് നേരത്തെ പിടിയിലായത്. എ.ടി.എസ് സംഘം പിടികൂടിയ നിജുവിന് ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചു നൽകിയത് അലൻ ടോണിയായിരുന്നു. ഡൽഹി ബന്ധമുള്ള മലയാളിയിൽ നിന്നാണ് അലൻ മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിക്കുന്നതെന്നാണ് കണ്ടെത്തൽ. ഡൽഹി മലയാളിക്ക് അന്താരാഷ്ട്ര മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇയാൾക്ക് പുറമേ സഹായിയായ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

ജൂലായ് 19ന് അർധരാത്രി കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപത്ത് നിന്നാണ് എംഡിഎംഎയുമായി ഹാറൂൺ സുൽത്താനെ പിടികൂടിയത്. എം.ഡി.എം.എ. ഗ്രാമിന് അയ്യായിരം രൂപയ്ക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. ഹാറൂണിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.