നെടുമ്പാശേരി: നെടുമ്പാശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മാഞ്ഞാലി സ്വദേശി ഹാഷീം മരിച്ച സംഭവത്തിൽ ദേശീയപാത അധികൃതർക്കും റോഡ് കരാറുകാർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം സെക്രട്ടറി ജെ.പി. അനൂപ് നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. നടപടിയെടുക്കുന്നതിൽ വീഴ്ച്ചയുണ്ടായാൽ ശക്തമായ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

എൻ.എച്ച് അതോറിട്ടി എത്തിയില്ല

ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ ഉടമ ഹാഷീം മരിച്ച സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടന്ന ചർച്ചയിൽ ദേശീയപാത അധികൃതർ പങ്കെടുത്തില്ല. ജനകീയ പ്രതിഷേധം ഭയന്ന് വിട്ടുനിന്നതാണെന്ന് കരുതുന്നു.

റോഡിന്റെ നിർമ്മാണ കരാറുകാരായ ജി.ഐ.പി.എൽ കമ്പനിയുടെ രണ്ട് പ്രതിനിധികളും സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുമാണെത്തിയത്. വെള്ളിയാഴ്ച്ച രാത്രി അപകടം നടന്നതിന് പിന്നാലെ രാത്രി 11 മുതൽ ഇന്നലെ പുലർച്ചെ രണ്ടര വരെ എ.ഐ.വൈ.എഫ് വഴി തടഞ്ഞിരുന്നു. തുടർന്നാണ് എസ്.പി വിവേക് കുമാർ ഇടപ്പെട്ട് ഇന്നലെ വൈകിട്ട് അഞ്ചിന് അങ്കമാലി പൊലീസ് സ്റ്റേഷനിൽ എൻ.എച്ച്, കരാറുകാർ എന്നിവരെ വിളിച്ചുവരുത്തി ചർച്ച നടത്താമെന്ന് അറിയിച്ചത്. കുഴികൾ അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്നും കരാറുകാർ അറിയിച്ചു. അങ്കമാലി സി.ഐ പി.എം. ബൈജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച. സി.പി.ഐ മണ്ഡലം സെക്രട്ടറി അസ്ളഫ് പാറേക്കാടൻ, ജെ.പി. അനൂപ്, വി.കെ. സുകുമാരൻ, ഗോകുൽദേവ് എന്നിവരും കരാർ കമ്പനിയുടെ പ്രൊജക്ട് മാനേജർ ശങ്കർ, പി.ആർ.ഒ രാജഗോപാലും പങ്കെടുത്തു.