കൊച്ചി: കണ്ടക്കടവ് പാടശേഖരസമിതി നടത്തിയ ചെമ്മീൻകെട്ട് ലേല ഹാളിലേക്ക് പി.കെ.എസ്, കെ.എസ്.കെ.ടി.യു പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചു. പി.കെ.എസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ഉണ്ണിക്കൃഷ്ണൻ, വി.ആർ.പ്രദീപ്, കെ.ഡി.പ്രസാദ്, സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.

പാടശേഖരത്തിനകത്ത് താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക, ആറ് മാസം നെൽക്കൃഷി- ആറ് മാസം മത്സ്യക്കൃഷി പദ്ധതി കൃത്യമായി നടപ്പിലാക്കുക, അനധികൃത ചെമ്മിൻ വാറ്റ് നിർത്തലാക്കുക, മാർച്ച് 31ന് ചെമ്മീൻകെട്ടുകൾ ഒഴിഞ്ഞ് പമ്പിംഗ് ആരംഭിക്കുക, വാൽമുതുക് കാട്ടുപുറം പ്രദേശവാസികൾക്ക് സഞ്ചാര സൗകര്യം ഒരുക്കുക, ചെമ്മീൻകെട്ട് കോൺട്രാക്ടർ അനുവദിച്ച സമയത്തു മാത്രം പാടശേഖരത്തിൽ പ്രവേശിക്കുക, വെള്ളം കയറ്റിയിറക്കുന്നതിന്റെ അളവ് നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം.