കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 2022–23 വർഷത്തെ 224.74 കോടി രൂപയുടെ ജനകീയാസൂത്രണ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി സ്പിൽ ഓവർ ഉൾപ്പടെ 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. റോഡിതര വിഭാഗങ്ങൾക്ക് 25 കോടി അനുവദിച്ചിട്ടുണ്ട്.

സ്ത്രീകൾക്കും യുവാക്കൾക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് 985 പദ്ധതികളാണ് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.ആർ.റെനീഷ് കൗൺസിലിൽ അവതരിപ്പിച്ചത്.
ടർഫ് നിർമാണം (80 ലക്ഷം രൂപ ), വനിതകൾക്ക് ഇ- ഓട്ടോ (74 ലക്ഷം), ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ (50 ലക്ഷം), വയോജനങ്ങൾക്ക് പോഷകാഹാരം (1.5 കോടി), കുടുംബശ്രീ പ്രവർത്തകർക്ക് ലാബ് (8 ലക്ഷം), മെൻസ്ട്രൽ കപ്പ് വിതരണം (4 ലക്ഷം), വനിതകളുടെ ജീവിതശൈലി രോഗനിയന്ത്രണം (16 ലക്ഷം), വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്ഥിരംവേദി (18.75 ലക്ഷം), പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് ഇരുചക്ര വാഹനം (14.59 ലക്ഷം) എന്നിവയാണ് പ്രധാന പദ്ധതികൾ.

 രണ്ടു ഡിവിഷനുകളിൽ

ടർഫ്

യുവാക്കൾക്കായി ചക്കാമഡം, കരുവേലിപ്പടി ഡിവിഷനുകളിൽ ടർഫ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 148 വനിതകൾക്ക് ഇ- ഓട്ടോ നൽകും. 2.6 ലക്ഷം വിലമതിക്കുന്ന ഇ- ഓട്ടോയ്ക്ക് 80,000 രൂപ സബ്‌സിഡി അനുവദിക്കും. ബാക്കി തുക വായ്പയായി ലഭ്യമാക്കും. അർഹരായ ഭിന്നശേഷിക്കാർക്ക് നാല് വീലുള്ള സ്‌കൂട്ടറാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന 34 വനിതകൾക്ക് ഇരുചക്രവാഹനം നൽകും. വയോജനങ്ങൾക്ക് ഓരോ മാസവും പോഷകാഹരമടങ്ങിയ കിറ്റ് വീടുകളിലെത്തിക്കും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ പരിശോധിക്കാൻ കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിച്ച് സഞ്ചരിക്കുന്ന ലാബ് സേവനം നൽകും. വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ നോർത്തിലെ ലിബ്രഹോട്ടലിലെ സമൃദ്ധിയോട് ചേർന്ന് സ്ഥിരംഇടം ഒരുക്കും. ബ്രാൻഡ് ചെയ്താകും ഉത്പന്നങ്ങൽ വിൽക്കുക.