പറവൂർ: പറവൂർ നഗരത്തിൽ പൊതുപരിപാടികൾക്കായി തുറന്ന ഓഡിറ്റോറിയം നിർമ്മിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പറവൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
പറവൂർ വിശ്രമ കേന്ദ്രത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസ് പറവൂർ മിനിസിവിൽ സ്റ്റേഷൻ ഓഫീസിലേക്ക് മാറ്റിയതിനെ തുടർന്ന് കെട്ടിടം പൊളിച്ച് മരങ്ങൾ മുറിക്കാതെ സ്ഥലത്ത് തുറന്ന ഓഡിറ്റോറിയം നിർമ്മിക്കും. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓഡിറ്റേറിയം പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. പൊതുമരാമത്ത് വകുപ്പിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമയി പൂർത്തിയാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ്ണതോതിലായതിനാൽ കാന്റീൻ പ്രവർത്തനം ആരംഭിക്കണം. സർക്കാർ ഓഫീസുകൾക്കായുള്ള മിനിസിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായും യോഗത്തിൽ ചർച്ച നടത്തി. മാറ്റങ്ങൾ വരുത്തി മിനിസിവിൽ സ്റ്റേഷന്റെ പ്ലാൻ അംഗീകരിച്ചു പൊതുമരാമത്ത് വകുപ്പിനെ തുടർ നടപടികൾക്കായി നൽകുവാൻ പറവൂർ തഹസിൽദാർക്ക് നിർദ്ദേശം നൽകി. ദേശീയപാതാ സൂപ്രണ്ടിംഗ് എൻജിനിയർ സജീവ് കുമാർ, പറവൂർ തഹസിൽദാർ കെ.എൻ. അംബിക, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.