കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനും പ്രാധാന്യം നൽകി ജനകീയാസൂത്രണ ഫണ്ട് വിനിയോഗിക്കുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. 224.76 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഒമ്പത് മാസത്തിനുള്ളിൽ തുക ചെലവഴിക്കേണ്ടതുണ്ട്. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണം വേണം. എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ നിശ്ചയിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്താൻ യോഗം ചേരുകയും വേണം.
എംജി റോഡ്, മുല്ലശേരി കനാൽ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ബ്രേക് ത്രൂ പദ്ധതിക്കായി സർക്കാർ അനുവദിച്ച തുകയുടെ സിംഹഭാഗവും മുല്ലശേരി കനാൽ നവീകരണത്തിന് പ്രയോജനപ്പെടുത്തേണ്ടി വരും.എല്ലാ ഡിവിഷനിലെയും പ്രധാന റോഡുകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.