
ഫോർട്ടുകൊച്ചി: സിനിമാതാരം പട്ടാളത്ത് പട്ടാണിപ്പുരയിൽ വീട്ടിൽ സജീദ് പട്ടാളം (54) നിര്യാതനായി. ഫോർട്ടുകൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സിനിമകളിൽ അഭിനയിക്കുന്ന സജീദ് പട്ടാളം വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. അവിടെനിന്നുള്ള ബന്ധങ്ങളാണ് സജീദിന് സിനിമയിലേക്ക് വഴിതെളിച്ചത്.
കള സിനിമയിലെ വാറ്റുകാരൻ, കനകം കാമിനി കലഹം സിനിമയിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകളിൽ അഭിനയിച്ചുതുടങ്ങിയ സജീദിന്റെ ശ്രദ്ധേയവേഷമായിരുന്നു ജാനേമന്നിലേത്. തരുൺ മൂർത്തിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ:ഫാരിഷ്. കബറടക്കം ഇന്ന് രാവിലെ 9ന് ഫോർട്ടുകൊച്ചി കൽവത്തി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.