കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ കഴിഞ്ഞ 60വർഷങ്ങളായി നിലനിൽക്കുന്ന ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി നിലപാടെടുക്കുന്ന വൈദികരുടെയും വിശ്വാസിസമൂഹത്തിന്റെയും സംഗമം ഇന്ന് കലൂർ സ്റ്റേഡിയത്തിലെ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നഗറിൽ നടക്കും. അതിരൂപത സംരക്ഷണസമിതി, അല്മായമുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസി.വൈ.എം. സി.എൽ.സി, സി.എം.എൽ, വിൻസെന്റ് ഡി പോൾ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ അതിരൂപതയിലെ മുഴുവൻ ഇടവകകളിൽനിന്ന് വിശ്വാസികൾ സമ്മേളനത്തിനെത്തും.

അതിരൂപതയിൽ ജനാഭിമുഖ കുർബാന നിലനിർത്തുക, ഭൂമിയിടപാട് പ്രശ്‌നങ്ങളിൽ അതിരൂപതയ്ക്ക് നഷ്ടപ്പെട്ട തുക തിരിച്ചുനൽകുക, കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെ രാജിവെപ്പിക്കുകയും ഊരുവിലക്കേർപ്പെടുത്തുകയുംചെയ്ത ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനോട് സിനഡ് നീതി പുലർത്തുക, സിനഡ് പിതാക്കന്മാർ വിശ്വാസികളെയും വൈദികരെയും കേൾക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലിയും സംഗമവും.

ഫാ. ജോസ് ഇടശേരി റാലി ഫ്ളാഗ് ഒഫ് ചെയ്യും. ഷൈജു ആന്റണി, ബിജു തോമസ്, ഫാ. സണ്ണി കളപുരക്കൽ, ഡോ. കൊച്ചുറാണി എന്നിവർ വിഷയാവതരണം നടത്തും.