
കുറുപ്പംപടി : സംഘടനാ പ്രവർത്തനരംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയത് പ്രസംഗത്തേക്കാൾ പ്രവർത്തനം ഭംഗിയായി നടത്തിയതിനാലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇ.വി കൃഷ്ണൻ അനുസ്മരണ സമ്മേളനവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവർത്തനങ്ങളിൽ ആർജവവും ആത്മാർത്ഥതയും ഉണ്ടായാൽ പരിവർത്തനങ്ങൾ തനിയെ വരും. എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ സമുദായ ഉന്നതിക്കായി അഹോരാത്രം പ്രവർത്തിക്കണം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് താൻ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആൻഡ് ചീഫ് മെന്ററും കരിയർ ഗുരുവുമായ എം.എസ്. ജലീൽ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഏറ്റവും നീളം കൂടിയ മുടിയുള്ള കൊച്ചു കുട്ടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ അയാൻഷ് പ്രഭയെയും ഏറ്റവും പ്രായം കുറഞ്ഞ ട്രെയിൻഡ് ഹോഴ്സ് റൈഡർക്കുള്ള യൂണിവേഴ്സൽ ബുക്ക് ഒഫ് റെക്കാഡ് കരസ്ഥമാക്കിയ ദേവക് ബിനുവിനെയും ദേശീയ പഞ്ച ഗുസ്തി മത്സരത്തിൽ 55 കിലോ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കൈവരിച്ച ആദർശ് മനോഹരനെയും വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ചവരെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് പ്രൈസും മെഡലും നൽകി.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത്ത് നാരായണൻ സ്വാഗതവും കമ്മിറ്റി അംഗം എം.എ. രാജു കൃതജ്ഞതയും പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ.ആർ. അനിലൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറി കെ.എം.സജീവ്, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ.ആർ.അനിൽ കുമാർ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ, സെക്രട്ടറി ഹരിവിജയൻ, കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, എംപ്ലോയീസ് ഫോറം സംസ്ഥാന ട്രഷറർ കെ. പി. ഗോപാലകൃഷ്ണൻ, സൈബർ സേന കേന്ദ്ര സമിതി അംഗം ചന്ദ്രബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങി വിവിധ പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു.