
കൊച്ചി: ദേശീയ, സംസ്ഥാന പാതകളിലെ കുഴികളെച്ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കിക്കുന്നത് അവസാനിപ്പിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
നെടുമ്പാശേരിക്ക് സമീപം ദേശീയപാതയിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിന്റെ മാഞ്ഞാലിയിലെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡിലെ കുഴികളിൽ വീണ് ജനങ്ങൾ മരിക്കുമ്പോഴും ദേശീയ കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നതാണ് ചർച്ച. കുഴി ഏതായാലും വീഴുന്നത് മനുഷ്യരാണ്. റോഡുകളുടെ അപകടാവസ്ഥ അടിയന്തര പ്രമേയം വഴി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രി പരിഹാസത്തോടെയാണ് കണ്ടത്.
യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴി തിരിക്കാനാണ് മന്ത്രി ശ്രമിച്ചത്. ദേശീയപാതാ അതോറിട്ടിക്ക് കൈമാറിയ ദേശീയപാതകളും കൈമാറാത്ത ദേശീയപാതകളുമുണ്ട്. അതോറിട്ടിക്ക് കൈമാറാത്ത പാതകൾ പി.ഡബ്ല്യു.ഡി എൻ.എച്ച് വിഭാഗത്തിന് കീഴിലാണ്. ഗ്യാരന്റി കാലാവധിക്കുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ട ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണ്. പരിചയക്കുറവ് കൊണ്ടാകാം അങ്ങനെയൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത്.
മഴയ്ക്ക് മുമ്പ് റോഡുകളിലെ കുഴിയടയ്ക്കാനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടില്ല. പ്രീ മൺസൂൺ പ്രവൃത്തി നടന്നിട്ടില്ല. പുതുതായി രൂപീകരിച്ച മെയിന്റനൻസ് വിഭാഗവും പി.ഡബ്ല്യു.ഡിയും തമ്മിലുള്ള തർക്കമാണ് കാരണം. കേന്ദ്രത്തെയും കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷ നേതാവ് വിമർശിച്ചില്ലെന്ന് പറഞ്ഞതിലൂടെ സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് മന്ത്രി ശ്രമിച്ചത്.
ദേശീയപാതാ അതോറിട്ടിയും സംസ്ഥാന സർക്കാരും കുഴിയിൽ വീണുമരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം. ഹാഷിമിന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത് നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ല. എന്തു ചെയ്താലും കുഴപ്പമില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഉദ്യോഗസ്ഥർക്ക് ബാദ്ധ്യത ഉണ്ടാകണമെങ്കിൽ ഇത്തരം സംഭവങ്ങളിൽ പൊലീസ് കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.