കോലഞ്ചേരി: കുഴികൾ യാത്ര ദുസഹമാക്കുന്ന പട്ടിമറ്റത്തെ റോഡിൽ വാഴ നട്ട് പ്രതിഷേധം. റോഡിലെ കുഴികൾ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ അസംഘടിത തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു സമരം.
പ്രതിദിനം നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കോലഞ്ചേരി ബസ് സ്റ്റോപ്പിനോട് ചേർന്ന് രൂപപ്പെട്ട കുഴികൾ മൂലം ടൗണിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. വലിയ വാഹനങ്ങൾ കുഴിയിൽ ചാടിമ്പോൾ ചെളിവെള്ളം ബസ് സ്റ്റോപ്പിൽ നിൽക്കുന്നവരുടെ ദേഹത്തും വ്യാപാര സ്ഥാപനങ്ങളുടെ അകത്തേക്കും തെറിക്കുന്നതും പതിവാണ്. പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം എ.പി. കുഞ്ഞുമുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എം. മുഹമ്മദ് അദ്ധ്യക്ഷനായി. ഡി.സി.സി അംഗം കെ.കെ.പ്രഭാകരൻ, കെ.ജി. മന്മഥൻ, ഹനീഫ കുഴുപ്പിള്ളി, വി.ജി.വാസുദേവൻ, എം.പി.ജോസഫ്, എ.എസ്. മക്കാർകുഞ്ഞ്, കെ.കെ. മനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.