മരട്: നഗരസഭയുടേയും ശുചിത്വ മിഷന്റേയും കെൽട്രോണിന്റേയും സംയുക്താഭിമുഖ്യത്തിൽ പൈലറ്റ് സർവേ മോണിറ്ററിംഗ് സിസ്റ്റത്തിന് തുടക്കം കുറിച്ചു. മരട് നഗരസഭയിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന്റെ അളവ്, നഗരവാസികൾക്ക് ലഭിക്കുന്ന സേവനം, വീടുകളിൽ നിന്ന് ലഭിക്കുന്ന യൂസർ ഫീ വിശദാംശങ്ങൾ എന്നിവ വ്യക്തമായി ലഭ്യമാക്കുന്ന 'സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം' നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ, പെലിക്കൻ ഫൗണ്ടേഷൻ പ്രസിഡന്റ് സി.എൻ. മനോജ്, ഹരിത കർമ്മസേനാ കോ ഓർഡിനേറ്റർ രത്നാഭായി, ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ.ജേക്കബ്സൺ, കൗൺസിലർമാരായ സി.ആർ.ഷാനവാസ്, സി.ടി.സുരേഷ്, ശോഭാ ചന്ദ്രൻ, പത്മപ്രിയ, സി.വി.സന്തോഷ്, എ.ജെ. തോമസ്, ബിനോയ് ജോസഫ്, രേണുകാ ശിവദാസ് എന്നിവർ സംസാരിച്ചു.