periyar

കളമശേരി: പെരിയാറിലെ ജലനിരപ്പ് താഴ്ന്നപ്പോൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എടയാർ വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ നിന്ന് രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിവിട്ടു. ഇതോടെ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിനു താഴെ പെരിയാർ പാൽ നിറത്തിൽ ഒഴുകുകയും മത്സ്യങ്ങൾ ശ്വാസം കിട്ടാതെ പിടയുകയുംചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പതിവുപോലെ ഉദ്യോഗസ്ഥരെത്തി സാമ്പിൾ എടുത്ത് മടങ്ങിയിട്ടുണ്ട്. രാസമാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ സാധാരണയായി പെരിയാർ കറുത്തിരുണ്ടോ ചുവപ്പ് കലർന്ന മഞ്ഞ നിറത്തിലോ ആയിരിക്കും ഒഴുകാറുള്ളത്. ഇന്നലെ ഒരു വശം ചേർന്ന് കിലോമീറ്ററുകളോളം പാൽ നിറത്തിൽ രണ്ടു മണക്കൂറിന് അടുപ്പിച്ച് പെരിയാർ ഒഴുകുകയായിരുന്നു.