കളമശേരി: ഏലൂർ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന് മുകളിലെ വൻകുഴിയിൽ വീണുള്ള അപകടങ്ങൾ പെരുകുന്നു. മഴക്കാലത്ത് ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. നാല് മാസത്തോളമായി പാലത്തിൽ കുഴി രൂപപ്പെട്ടിട്ട്. കുഴിയടച്ച് അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ഏലൂർ ,എടയാർ, കളമശേരി വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർ നിരന്തരം യാത്ര ചെയ്യുന്ന റോഡിലെ പാലമാണിത്. മഴക്കാലമായതോടെ പാലത്തിലെ കുഴിയുടെ ആഴവും വലിപ്പവും കൂടിയിട്ടുണ്ട്. വാഹനയാത്രികർ കുഴിയിൽ അകപ്പെട്ട് തെറിച്ച് പാലത്തിന്റെ കൈവരികളിൽ തട്ടി റോഡിൽ വീഴുകയാണ് പതിവ്. വേഗം കൂടുതലാണെങ്കിൽ പുഴയിലേക്ക് വീഴാൻ സാദ്ധ്യതയേറെയാണ്. പാലത്തിനു മുകളിലെ ലൈറ്റുകൾ കത്താത്തതും തെരുവുനായ്ക്കളുടെ ശല്യവും മയക്കുമരുന്നു കച്ചവടവും കൂടിയാകുമ്പോൾ ഇവിടംവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമാവുകയാണ്.