നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ അമ്പലച്ചിറ ശുചീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായി. മഴ ശക്തിപ്പെട്ടതോടെ പ്രളയ ഭീതിയും ഒപ്പം കൃഷി നാശവുമാണ് ജനങ്ങളെ അലട്ടുകയാണ്.

ചെങ്ങമനാട് നമ്പർ 2 ഇറിഗേഷൻ മുതൽ മഹാദേവ ക്ഷേത്രം വരെ പരന്നുകിടക്കുന്ന അമ്പലച്ചിറ ചിറയിലൂടെയാണ് പുത്തൻതോട് ഭാഗത്തുനിന്ന് വരുന്ന വെള്ളം മാങ്ങാമ്പിള്ളി ചിറവഴി ചാലക്കുടി പുഴയിൽ പതിക്കുന്നത്. എന്നാൽ മഴക്കാലത്തിനു മുമ്പ് ചിറ ശുചീകരണം നടത്താത്തതിനാൽ ഈ പ്രദേശത്ത് വീടുകൾ പ്രളയ ഭീഷണിയിലാണ്. മാത്രമല്ല അമ്പലച്ചിറ ശുചീകരിക്കാത്തതിനാൽ ചിറയോട് ചേർന്ന് കിടക്കുന്ന കൊറ്റം പുഞ്ചപാടശേഖരത്തെ അഞ്ച് ഏക്കർ നെൽകൃഷിയും വെള്ളം കെട്ടി നശിക്കുന്ന സ്ഥിതിയിലാണ്.

അനധികൃതരുടെ അനാസ്ഥയാണ് പ്രളയഭീതിക്കും കൃഷി നാശത്തിനും വഴിയൊരുക്കുന്നതെന്നാണ് ആക്ഷേപം. മുൻകാലങ്ങളിൽ എല്ലാവർഷവും ചിറയുടെ ശുചീകരണം പഞ്ചായത്ത് നടത്താറുണ്ട്. ഇക്കുറി മുടങ്ങിയെന്നാണ് ആക്ഷേപം.

പഞ്ചായത്ത് അധികൃതരുടെ നിസംഗത അവസാനിപ്പിച്ച് എത്രയും വേഗം അമ്പലച്ചിറ ശുചീകരണം നടത്തി ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

സി.പി.എം

പ്രതിഷേധം

അമ്പലച്ചിറശുചീകരിക്കാത്തതിനെതിരെ സി.പി.എം ചെങ്ങമനാട് നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അമ്പലച്ചിറയ്ക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. കേരള കർഷകസംഘം ആലുവ ഏരിയാ സെക്രട്ടറി പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. പി.എൻ. പുരുഷോത്തമൻ അദ്ധ്യക്ഷനായി. ടി.വി. ജോണി, പി.എൻ. അരുൺകുമാർ, എൻ. അജിത്കുമാർ, നാരായണൻ, പവിത്രൻ പൊതുവാൾ, പി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.