link-road

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ മറ്റൂർ - കരിയാട് പി.ഡബ്ലിയു.ഡി റോഡിൽ നിന്നാരംഭിക്കുന്ന എയർപോർട്ട് ആവണംകോട് റോഡിൽ എത്തിച്ചേരുന്ന ലിങ്ക് റോഡ് തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം. ഒരു വർഷത്തിലധികമായി റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റി ആരോപിച്ചു.

ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന എയർപോർട്ടിലേക്കും ആവണംകോട്, നെടുവന്നൂർ, കാഞ്ഞൂർ, ച്ചൊവ്വര, ശ്രീമൂലനഗരം എന്നീ ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്നത്. റോഡിലെ കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇടിഞ്ഞു കിടക്കുന്ന ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ഉയർത്തി റോഡ് അടിയന്തരമായി റീ ടാറിഗ് ചെയ്യണം. യോഗത്തിൽ വാർഡ് പ്രസിഡന്റ് റിജോ പുതുവ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.പി. ഡേവി, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പി.കെ. ഗോപി, ബിജു പയ്യപ്പിള്ളി, ജിറ്റോ കരുമത്തി, ജോയൽ ബേബി, ബൈജു മണപ്പുറം, ഷൈജു കല്ലറ, വി.എ. രാജൻ, എം.കെ. രാജേഷ്, സുധീർ വേണാഉകുടി തുടങ്ങിയവർ പ്രസംഗിച്ചു.