പറവൂർ: ചേന്ദമംഗലത്ത് കൈത്തറി ഗ്രാമത്തിനായി സെപ്റ്റംബറിൽ കല്ലിട്ട് മേയിൽ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മ്യൂസിയം, വില്പന സ്റ്റാൾ, ഡിസൈനർ സ്റ്റുഡിയോ തുടങ്ങിയവ ഉൾപ്പെടുന്ന ഈ പദ്ധതിയിലൂടെ ചേന്ദമംഗലത്തേക്ക് നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കാനാകും. കൈത്തറി രംഗം നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൈത്തറി മുതിർന്ന നെയ്ത്തുകാരെ മന്ത്രി ആദരിച്ചു.പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി മുഖ്യപ്രഭാഷണം നടത്തി. കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്. അനിൽകുമാർ,ടി.വി. നിധിൻ, ഗീത ബാബു, കെ.പി. സദാനന്ദൻ, ടി.എസ്. ബേബി, പി.എ. നജീബ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.