തൃക്കാക്കര: കുടിവെള്ള പൈപ്പിലെ തകരാറിൽ നട്ടംതിരിഞ്ഞ് ഇരുപത് കുടുംബങ്ങൾ. കാക്കനാട് നിലംപതിഞ്ഞിമുഗൾ തൈക്കാവിന് സമീപത്തെ കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ വലയുന്നത്.
ഇരുപത് ദിവസത്തിലേറെയായി പ്രദേശത്തെ വീടുകളിൽ കുടിവെള്ളം ലഭിച്ചിട്ട്. കിണറുകൾ കുറവായതിനാൽ ജല അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി കുടുംബങ്ങൾ ആശ്രയിക്കുന്നത്. ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്ന് വീടുകളിൽ പാചകം മുടങ്ങി.വാട്ടർ അതോറിട്ടിക്ക് പരാതി നൽകിയതിനെത്തുടർന്ന് അസി.എൻജിനിയർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.പൈപ്പിൽ ബ്ലോക്ക് ഉണ്ടായതിനെത്തുടർന്നാണ് കുടിവെള്ളം ലഭിക്കാത്തതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ഉൾപ്പടെ മൂന്ന് തവണ പൈപ്പ് കടന്നുപോകുന്ന ഭാഗത്തെ റോഡ് കുഴിച്ചെങ്കിലും ബ്ലോക്ക് കണ്ടെത്താനായില്ല. പ്രശ്നം രൂക്ഷമായ പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളമെത്തിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.