മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസിലെ അന്തേവാസികളെ പുനരധിവസിപ്പിക്കാൻ നടപടിയായില്ല. കഴിഞ്ഞ ഒക്ടോബർ 15ന് കനത്ത കാറ്റിലും മഴയിലും ബിഗ് ബെൻ ഹൗസിന്റെ മതിലിൽ വിള്ളൽ വീണതിനെ തുടർന്നാണ് അന്തേവാസികളെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്രിയത്.

കഴിഞ്ഞ പത്ത് മാസമായി ആറ് കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 29 പേർ മട്ടാഞ്ചേരി കെ.എം. മുഹമ്മദ് കമ്മ്യൂണിറ്റി ഹാളിൽ ദുരിത ജീവിതം നയിക്കുകയാണ്. പ്രകൃതിക്ഷോഭത്തെ തുടർന്ന് 31 പേരാണ് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറിയത്. കമ്മ്യൂണിറ്റി ഹാളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് കുടുംബങ്ങൾ കഴിയുന്നത്. വയോധികരിൽ പലരും രോഗബാധിതരാണ്. വാഹനങ്ങളിൽ നിന്നുള്ള പൊടിയും മറ്റും കയറി കുട്ടികൾ ഉൾപ്പെടെ അസുഖ ബാധിതരായിക്കഴിഞ്ഞു. ബിഗ് ബെൻ ഹൗസ് കെട്ടിടത്തിന് വിള്ളൽ വീണപ്പോൾ ഉടൻ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ എത്തിയെങ്കിലും കുടുംബങ്ങളെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതോടെ ആരും തിരിഞ്ഞുനോക്കാതെയായി. വഖഫ് ബോർഡിന്റെ അധീനതയിലെ കെട്ടിടമായതിനാൽ അറ്റകുറ്റപ്പണികൾക്ക് അവരുടെ അനുവാദം വേണമായിരുന്നു. വഖഫ് അനുവാദം നൽകുകയും നഗരസഭ ഫണ്ട് അനുവദിക്കുകയും ചെയ്തെങ്കിലും സെക്രട്ടറി അനുമതി നൽകിയില്ലെന്ന് ബിഗ് ബെൻ ഹൗസിലെ താമസക്കാർ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടത്താൻ സമ്മതവുമായെത്തിയെങ്കിലും അവരും പിന്നീട് പിൻമാറി. ഈ സാഹചര്യത്തിൽ തങ്ങളുടെ ദുരിതത്തിന് സുമനസുകൾ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ബിഗ് ബെൻ ഹൗസിലെ അന്തേവാസികളെ ദുരിതത്തിൽ നിന്ന് മോചിപ്പിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മഹാത്മാ ട്രസ്റ്റ് ചെയർമാൻ ഷമീർ വളവത്ത്, കോ ഓർഡിനേറ്റർ റഫീക്ക് ഉസ്മാൻ സേഠ് എന്നിവർ ആവശ്യപ്പെട്ടു.