കോലഞ്ചേരി: മണ്ണൂർ എം.സി റോഡിൽ വാളകത്തിന് തിരിയുന്ന അന്നപൂർണ്ണ ജംഗ്ഷനിൽ വാഹനാപകടങ്ങൾക്ക് ഇടയാക്കുംവിധം കാഴ്ച്ച മറച്ചുനിന്ന കാട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. ഇവിടെ അനധികൃത പാർക്കിംഗും വഴിയോരക്കച്ചവടവും നിരോധിച്ച് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന ബ്ലാക്ക്സ്‌പോട്ടിൽ ഒന്നാണ് അന്നപൂർണ്ണ ജംഗ്ഷൻ. ഇവിടെ കാഴ്ച്ച മറച്ച് കാട് വളരുന്നത് നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതോടെ മണ്ണൂർ സെന്റ് ജോർജ് യൂത്ത് അസോസിയേഷന്റെയും കീഴില്ലം നസ്രേത്ത് യുവജന സഖ്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാട് വെട്ടിത്തെളിക്കുകയായിരുന്നു. കാന കോരിയ മണ്ണ് റോഡ് സൈഡിൽ നിക്ഷേപിച്ചതാണ് പ്രദേശത്ത് കാട് വളരാൻ ഇടയാക്കിയത്. മണ്ണ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് രാജേഷ് പീടികക്കുടി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. യൂത്ത് അസോസിയേഷൻ സെക്രട്ടറി ബേസിൽ ബിജു, ജോജോ കീഴില്ലം, അമൽ കീഴില്ലം, ദീപു എൽദോസ്, ബേസിൽ എൽദോ, ബോബൻ തോമസ്, ജോബിൻ പോൾ, റെജി വാളംകോട്ട്, ലോയിഡ് ലെവി, ബേസിൽ മത്തായി, ഷോൺസൺ, അമൽ സജി, കെ.പി.അഖിൽ, എവിൻ, ആന്റോ, എലിസബത്ത് ബേബി, അക്‌സ, എമി, എൽസ, അനീറ്റ, ഐറിൻ എന്നിവർ നേതൃത്വം നൽകി.