പറവൂർ: ചാലക്കുടിയാറിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നത് ആശ്വാസമായെങ്കിലും വെള്ളക്കെട്ടുമൂലം ദുരിതത്തിലായത് ഏത്തവാഴ - പച്ചക്കറി കർഷകർ. പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കൃഷിയിറക്കിയ നിരവധി ഏത്തവാഴ, പച്ചക്കറി കർഷകരുടെ സ്വപ്നങ്ങളാണ് വെള്ളപ്പൊക്കം തകർത്തെറിഞ്ഞത്. ചാലക്കുടിയാറിന്റെയും പെരിയാറിന്റെയും സംഗമസ്ഥലമായ തേലത്തുരുത്ത്, കോഴിതുരുത്ത്, കണക്കൻകടവ്, പെരിയാറിന്റെ തീരപ്രദേശങ്ങളായ ചെറിയ തേയ്ക്കാനം, ചാലാക്ക തുടങ്ങിയ പ്രദേശങ്ങളിലെ കൃഷി നാശത്തിന്റെ വക്കിലാണ്. മിക്കവരും വായ്പയെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ഓണത്തിന് വിളവെടുക്കാൻ കണക്കാക്കി പരിപാലിച്ച പച്ചക്കറി കൃഷികൾ നാശിച്ച സ്ഥിതിയാണ്.