മൂവാറ്റുപുഴ: പുത്തൻ സംരംഭങ്ങളുമായി വ്യവസായ മേഖലയിൽ കുതിപ്പിനൊരുങ്ങി മൂവാറ്റുപുഴ താലൂക്ക്. മൂന്നര മാസത്തിനിടെ 489 പുതിയ സംരംഭക യൂണിറ്റുകളാണ് താലൂക്ക് പരിധിയിൽ ആരംഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം പദ്ധതിയുടെ ഭാഗമായാണ് കുറഞ്ഞ കാലയളവിൽ ഇത്രയും സംരംഭങ്ങൾക്ക് തുടക്കമിട്ടത്. താലൂക്ക് പരിധിയിലെ 16 തദ്ദേശ സ്ഥാപനങ്ങളിലായി ഈ വർഷം 1589 പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത്, 80 എണ്ണം. ഇവിടെ 137 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യം. പഞ്ചായത്തുകളിൽ പായിപ്രയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നത്. ഇവിടെ ലക്ഷ്യമിടുന്ന 193 സംരംഭങ്ങളിൽ 60 എണ്ണം യാഥാർത്ഥ്യമായിക്കഴിഞ്ഞു. പിറവം മുനിസിപ്പാലിറ്റി- 41, ഇലഞ്ഞി- 34, കൂത്താട്ടുകുളം മുനിസിപ്പാലിറ്റി- 31, മഞ്ഞള്ളൂർ- 28, തിരുമാറാടി- 24, വാളകം- 24, കല്ലൂർക്കാട്- 23, ആയവന- 23, പാലക്കുഴ- 23, രാമമംഗലം- 22, പാമ്പാക്കുട- 21, മാറാടി- 20, ആവോലി- 18, ആരക്കുഴ-17, എന്നിങ്ങനെയാണ് താലൂക്ക് പരിധിയിൽ നിലവിൽ ആരംഭിച്ച മറ്റു സംരംഭങ്ങൾ. ജില്ലയിൽ പുതുതായി ലക്ഷ്യമിടുന്ന 14610 സംരംഭങ്ങളിൽ 10.8 ശതമാനമാണ് മൂവാറ്റുപുഴ താലൂക്ക് പരിധിയിൽ തുറക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി വിവിധ സർക്കാർ സേവനങ്ങളും വായ്പാ പദ്ധതികളും സംബന്ധിച്ച ബോധവത്കരണം നൽകാൻ 19 വ്യവസായ പ്രതിനിധികളെയും നിയോഗിച്ചിട്ടുണ്ട്.