ആലങ്ങാട്: ദേശീയപാതയിലെ കുഴികളടയ്ക്കുംവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ദേശീയപാതയിലെ കുഴി മൂലമുണ്ടായ അപകടത്തിൽ മരണപ്പെട്ട മാഞ്ഞാലി സ്വദേശി ഹാമിഷിന്റെ കുടുംബത്തെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഷിമിന്റെ ഭാര്യ ഷെമീനയെയും മക്കളെയും പ്രതിപക്ഷ നേതാവ് ആശ്വസിപ്പിച്ചു. അപകടത്തെസംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സഹോദരൻ മുഹമ്മദ് ഷാഫി അറിയിച്ചു. ഭാര്യയും വിദ്യാർത്ഥികളായ രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായതെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതോടൊപ്പം കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.