
കൊച്ചി: ജനാഭിമുഖ കുർബാന അംഗീകരിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും എറണാകുളം അങ്കമാലി അതിരൂപതയെ ഉള്ളിൽനിന്നു കുത്തിയ വൈദികരെ താക്കോൽ സ്ഥാനത്തിരുത്തി വരുതിയിലാക്കാൻ ശ്രമിച്ചാൽ ഭരണസംവിധാനവുമായി സഹകരിക്കില്ലെന്നും വിശ്വാസ സംരക്ഷണ മഹാസംഗമത്തിൽ വിശ്വാസികളും വൈദികരും പ്രതിജ്ഞയെടുത്തു. വിശ്വാസികളെ കേൾക്കാതെ അധിനിവേശവും അടിച്ചമർത്തലും സ്വീകരിച്ചാൽ രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാകുമെന്നും സിറോ മലബാർ സഭാ നേതൃത്വത്തിനെതിരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തിയ സംഗമത്തിൽ പ്രതിജ്ഞ ചെയ്തു.
കാൽ ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം. അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോർജ് വിതയത്തിൽ, മുതിർന്ന വിശ്വാസികളായ റോസി ജോസഫ്, അനീന രാജൻ എന്നിവർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
ജനാഭിമുഖ കുർബാന, ഭൂമിയിടപാട് വിഷയങ്ങളിൽ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ കാലത്ത് വത്തിക്കാൻ സുപ്രീം ട്രൈബ്യൂണലിൽ അതിരൂപത നൽകിയ കേസുകൾ തുടരണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജനാഭിമുഖ കുർബാന പള്ളികളിൽ നിന്ന് ഇല്ലാതാക്കാൻ സമ്മതിക്കില്ല. അതിരൂപതയ്ക്ക് അനുകൂലമായ ഭരണം നിർവഹിച്ചില്ലെങ്കിൽ സഹകരിക്കില്ല.
ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ കാരണം പറയാതെ പുറത്താക്കിയത് അനീതിയാണെന്നും കുറ്റപ്പെടുത്തി.
ഫാ. ബാബു കളത്തിൽ വിശ്വാസപ്രഖ്യാപനവും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ആമുഖ പ്രഭാഷണവും നടത്തി. ഫാ. വർഗീസ് ഞാളിയത്ത് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.