മൂവാറ്റുപുഴ: വെള്ളൂർ കുന്നം മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടന്നു. ക്ഷേത്രം മേൽശാന്തി പുളിക്കാപറമ്പ് ദിനേശൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അരിമാവ് അണിഞ്ഞലങ്കരിച്ചിരുന്ന നെൽക്കതിർ ക്ഷേത്രം മേൽശാന്തി ശിരസിലേറ്റി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്തു നമസ്കാര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. വിശേഷാൽ പൂജകൾക്കും നിവേദ്യങ്ങൾക്കും ശേഷം ആൽ, മാവ്, പ്ളാവ്, ഇല്ലി, നെല്ലി, കടലാടി, ദശപുഷ്പം എന്നിവ ചേർത്ത് സമർപ്പിച്ച് ഇല്ലം നിറ നടത്തി. പൂജിച്ച നെൽക്കതിരുകൾ വിശ്വാസികൾക്ക് വിതരണം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ.ബി.കിഷോർ കുമാർ, സെക്രട്ടറി ടി.ഇ.സുകുമാരൻ, ട്രഷറർ രഞ്ജിത് കല്ലൂർ, ദേവസ്വം മാനേജർ കെ.ആർ.വേലായുധൻ നായർ, ജോയിന്റ് സെക്രട്ടറി വി.ഹരി, കെ.ബി.വിജയകുമാർ, രമേഷ് പുളിക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.