കൊച്ചി: എറണാകുളം നഗരത്തിൽ ചീറിപ്പായുന്ന സ്വകാര്യ ബസുകളിൽ ഭയന്നുവിറച്ച് യാത്ര ചെയ്യുകയാണ് പൊതുജനം. നഗരത്തിൽ ബസുകളുടെ അമിത വേഗത്തെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു. ഇതിനിടെയാണ് വാതിലുകളടയ്ക്കാതെയുള്ള യാത്ര സൃഷ്ടിക്കുന്ന അപകട ഭീതിയും.
ജൂലായിൽ നിയമലംഘനം നടത്തിയ 187 ബസുകൾക്കെതിരെ കേസെടുത്തിരുന്നു. കണ്ടക്ടർമാർ യൂണിഫോം ധരിക്കാതെ ഡ്യൂട്ട് ചെയ്യുന്നതും വ്യാപകമാണ്.
മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ ആളുകൾ കയറുന്നതിന് മുമ്പ് ബസ് പോകുന്ന സംഭവങ്ങളും വർദ്ധിക്കുന്നു.
അമിത വേഗം
ആളെ കുത്തിനിറച്ചുള്ള മരണപ്പാച്ചിലിൽ ഭയപ്പാടോടെയാണ് ജനങ്ങൾ ബസ് യാത്ര ചെയ്യുന്നത്. മുൻ മാസങ്ങളിൽ മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരവധി ബസുകൾക്കെതിരെ കേസ് എടുത്തിരുന്നു.
മ്യൂസിക് സിസ്റ്റം
ബസുകളിൽ മ്യൂസിക് സിസ്റ്റം പാടില്ലെന്ന നിയമം കാറ്റിൽ പറത്തപ്പെടുന്നു. ഭൂരിഭാഗം ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ചാണ് സർവീസ്. കേരള മോട്ടോർ വാഹന നിയമപ്രകാരം 250 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.
തുറന്ന വാതിൽ
ബസിൽ ആളെ കയറ്റിയാലുടൻ രണ്ട് വാതിലുകളും അടയ്ക്കണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കുന്ന ബസുകൾ കുറവ്. മത്സരയോട്ടത്തിനിടെ ഡ്രൈവർമാർ വാതിലുകൾ അടയ്ക്കാറില്ല.
ഹൈക്കോടതി നിർദേശവും ഗൗനിക്കുന്നില്ല
നഗരത്തിൽ ഓവർ ടേക്കിംഗ് പാടില്ലെന്ന ഹൈക്കോടതി നിർദേശം വന്നിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. പക്ഷേ ഈ നിർദേശം അറിഞ്ഞമട്ടുപോലും ബസ് ജീവനക്കാർക്കില്ല. നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസും തുനിയുന്നില്ല.
ബസുകളുടെ അമിത വേഗം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കും. ആദ്യം മുന്നറിയിപ്പ് നൽകും. പാലിച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും.
സ്വപ്ന
എൻഫോഴ്സമെന്റ് ആർ.ടി.ഒ
എറണാകുളം