eldho

കോലഞ്ചേരി: എൽദോ പോളിന്റെ സുവർണ നേട്ടം പാലക്കാമ​റ്റം ഗ്രാമത്തിന് ഉത്സവമായി. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സുവർണകിരീടമണിഞ്ഞ എൽദോയുടെ നാട്ടുകാരും കൂട്ടുകാരും ദേശീയ പതാകയുമേന്തി നിരത്തിലൂടെ ഘോഷയാത്ര നടത്തി. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും സ്വന്തം നാട്ടുകാരന്റെ സ്വപ്നസാക്ഷാത്കാരം അവർ ആഘോഷമാക്കി.

ഷാപ്പു തൊഴിലാളിയായ പാലയ്ക്കാമ​റ്റം കൊച്ചു തോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മൂത്ത മകനാണ് എൽദോസ്. പ്രാരാബ്ദങ്ങളോടും പ്രതിസന്ധികളോടും പടവെട്ടിയാണ് കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൾ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഈ 25 കാരൻ സ്വന്തമാക്കിയത്.

പാമ്പാക്കുട സ്‌കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷം കോതമംഗലം എം.എ.കോളജിൽ ബിരുദത്തിന് ചേർന്നതാണ് എൽദോയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടുത്തെ കായികാദ്ധ്യാപകരായ ഡോ.മാത്യു ജേക്കബ്, ദ്രോണാചാര്യ ടി.പി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരിശീലനം എൽദോയിലെ പ്രതിഭയെ വാർത്തെടുത്തു. ബിരുദ പഠനത്തിനിടെ തന്നെ ഇന്ത്യൻ നേവിയുടെ ഭാഗമാകുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് അമേരിക്കയിലെ യൂജീനിൽ നടന്ന ലോക അത്‌ല​റ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഫൈനലിലെത്തിയ എൽദോ പോളിന് നിർഭാഗ്യം കൊണ്ടാണ് കീരീടം നഷ്ടമായത്. അന്നും ആഘോഷത്തിനായി നാട്ടുകാർ വലിയ ഒരുക്കങ്ങൾ നടത്തിയിരുന്നു. ആ നിരാശ ഇന്നലെ അവർ പരിഹരിച്ചു.

ആനന്ദക്കണ്ണീരുമായി മറിയാമ്മ

എൽദോ പോളിന്റെ സൗഭാഗ്യം മുത്തശ്ശി പാലയ്ക്കാമ​റ്റം കൊച്ചുതോട്ടത്തിൽ മറിയാമ്മയ്ക്ക് (86) ആത്മനിർവൃതിയായി. നാലര വയസിൽ അമ്മയെ നഷ്ടമായ എൽദോയെ വളർത്തിയത് മറിയാമ്മയാണ്. എവിടെയായാലും എത്ര തിരക്കായാലും ദിവസവും മുത്തശ്ശിയുമായി സംസാരിക്കും. മത്സരത്തിന് ഇറങ്ങും മുമ്പും വിളിച്ചിരുന്നെന്ന് മറിയാമ്മ പറഞ്ഞു. ഇന്നലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി കൊച്ചുതോട്ടത്തിൽ വീട്ടിലെത്തിയത്. ഇവരുടെ മുന്നിൽ പലപ്പോഴും മറിയാമ്മയുടെ സന്തോഷം കണ്ണുനീരായി ഒഴുകി. എബിനാണ് എൽദോയുടെ സഹോദരൻ.