മട്ടാഞ്ചേരി: കൊച്ചിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിൽ നഗരസഭയുടെ അനാസ്ഥക്കെതിരെ മുൻ ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്റും സി.ഐ.ടി.യു കൊച്ചി ഏരിയാ വൈസ് പ്രസിഡന്റുമായ സൈലു കബീർ സാമൂഹ്യമാദ്ധ്യമത്തിലെ പോസ്റ്റ് വിവാദമാകുന്നു.

വെള്ളക്കെട്ടിനെതിരെ മട്ടാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ ലൈവ് പോസ്റ്റിന്റെ സ്ക്രീൻ ഷോർട്ട് എടുത്ത് അവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇത് ഡീലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ട് പ്രചരിക്കുകയാണ്.

പോസ്റ്റ് ഇങ്ങനെ:

സി.പി.എം മേയർ,സി.പി.ഐ ഡെപ്യൂട്ടി മേയർ, കോൺഗ്രസ്,മുസ് ലിം ലീഗ്, ജനതാദൾ, ബി.ജെ.പി എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭൂലോക അഴിമതി വീരൻ ബെന്നി എന്നിവർ ഒരുമിച്ചിരുന്ന് കൊച്ചി കോർപ്പറേഷൻ ഭരിച്ച് മുടിക്കുമ്പോൾ നഗര വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 2500 കോടി രൂപയാണ് ഈ കൂട്ട് കക്ഷി ഭരണം പൊടി പൊടിച്ചത്.ഈ കഴിവ് കെട്ടവൻമാരുടെ കാലത്ത് മഴ പെയ്താൽ തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിച്ച മട്ടാഞ്ചേരിയുടെ പെൺ കരുത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.