
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ തുരുമ്പെടുത്ത മേൽക്കൂരയുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ലെവൽ സർവേ ചെന്നൈ ഐ.ഐ.ടി വിദഗ്ദ്ധ സംഘം നടത്തും. ഐ.ഐ.ടി. അസോസിയേറ്റ് പ്രൊഫസറും സ്ട്രക്ചർ വിദഗ്ദ്ധനും തുരുമ്പെടുക്കൽ പരിശോധനയിൽ പ്രമുഖനുമായ ഡോ. രാധാകൃഷ്ണ ജി. പിള്ളയുടെ നേതൃത്വത്തിലാണ് സർവേ. മേൽക്കുരയെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ മാസം ഇവർ കൊച്ചിയിലെത്തിയിരുന്നു.
സർവേ പൂർത്തിയാക്കിയതിന് ശേഷം ഐ.ഐ.ടി അന്തിമ പഠന റിപ്പോർട്ട് ജി.സി.ഡി.എയ്ക്ക് കൈമാറും. 12 വർഷം മുമ്പ് 10 കോടി രൂപ ചെലവിൽ 1000 ടൺ സ്റ്റീൽ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന് മേൽക്കൂര പണിതത്. ഇതിനിടെ കാറ്രുപിടിച്ച് ഘടനയിൽ മാറ്രം വന്നിട്ടുണ്ടായിട്ടുണ്ടോയെന്ന് ഐ.ഐ.ടി സംഘത്തിന് സംശയമുണ്ട്. സർവേയ്ക്ക് ശേഷം തുരുമ്പെടുത്ത ഭാഗം നീക്കം ചെയ്തേക്കും. ഘടനയിൽ അപകാതയുണ്ടെങ്കിൽ പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കും.
ഐ.എസ്.എൽ മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാകും അറ്റകുറ്റപ്പണി. മുംബായ്, ഗുവാഹത്തി സ്റ്റേഡിയങ്ങളിലെ മേൽക്കൂര നിർമ്മിച്ച ചെന്നൈ ആസ്ഥാനമായ ലോയ്ഡ്‌സ് ഇന്റർനാഷണലാണ് മേൽക്കൂര നിർമ്മിച്ചത്. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ17 ലോകകപ്പിന് വേദിയായിരുന്ന കലൂർ സ്റ്റേഡിയത്തിൽ ഫിഫയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. രണ്ട് വർഷത്തോളമായി സ്റ്റേഡിയം അടച്ചിട്ടിരിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയില്ല. ഐ.എസ്.എൽ മത്സരങ്ങൾ നടക്കുന്നതുൾപ്പെടെ ചെന്നൈ ഐ.ഐ.ടിയെ ധരിപ്പിച്ചുണ്ട്.
40 ശതമാനം തുരുമ്പ്
മേൽക്കൂര 40 ശതമാനത്തോളം തുരുമ്പെടുത്തിട്ടുണ്ടെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ട്രചറൽ എൻജിനിയറിംഗ് വിദഗ്ദ്ധരുടെ റിപ്പോർട്ട്. മേൽക്കൂര പൊളിച്ചുമാറ്റാൻ ജി.സി.ഡി.എ തീരുമാനിച്ചിരുന്നു. ഇതിന് മുമ്പ് വിദഗ്ദ്ധ പഠനം കൂടി വേണമെന്ന വിലയിരുത്തലുണ്ടായി. തുടർന്നാണ് ജി.സി.ഡി.എ കോഴിക്കോട് എൻ.ഐ.ടിയെ സമീപിച്ചു. ഇവർ വിസമ്മിതിച്ചതോടെ പഠനത്തിന് ചെന്നൈ ഐ.ഐ.ടിയെ സമീപിക്കുകയായിരുന്നു.