bus

കൊച്ചി: ഡീസൽ ക്ഷാമം തുടരവേ സർവീസ് വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കി കെ.എസ്.ആർ.ടി.സി. ഇന്നലെ എല്ലാ ഡിപ്പോകളിൽ നിന്ന് മുഴുവൻ ബസുകളും സർവീസ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ചില ഡിപ്പോകളിൽ പകുതി ബസുകളും വെട്ടിക്കുറച്ചിരുന്നു. അഞ്ചിന് 27, ആറിന് 63 ഉം ഏഴിന് 80 ഉം ബസുകളാണ് റദ്ദാക്കിയത്.

എറണാകുളം, ആലുവ, പെരുമ്പാവൂർ, അങ്കമാലി, പിറവം, കോതമംഗലം, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ഡീസൽ ക്ഷാമത്തിന്റെ പേരിൽ ബസുകളൊന്നും ഇന്നലെ റദ്ദാക്കിയില്ല. പറവൂർ ഡിപ്പോയിൽ നിന്ന് രണ്ട് സർവീസുകൾ റദ്ദാക്കിയതിന് കാരണം ഡീസൽ ക്ഷാമമല്ലെന്ന് അധികൃതർ അറിയിച്ചു.

അതത് ദിവസത്തെയോ സർവീസുകളിലെയോ പണമുപയോഗിച്ച് സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാൻ കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചതുപ്രകാരമാണ് നടപടികളെന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.

ആലുവയിലും പെരുമ്പാവൂരും അങ്കമാലിയിലും കോതമംഗലത്തും ഡീസൽ സ്‌റ്റോക്കില്ല. എറണാകുളത്ത് ഞായറാഴ്ച ലഭിച്ച ഡീസൽ ഡിപ്പോയിലെ ബസുകൾക്ക് മാത്രമാണ് നൽകിയത്. ഇവിടെയും സ്‌റ്റോക്കില്ല. ഞായറാഴ്ച സ്വന്തം പമ്പിൽ നിന്ന് ഡീസലടിച്ച എറണാകുളം ഡിപ്പോയിലെ ബസുകളും ഇന്നലെ മുതൽ സ്വകാര്യ പമ്പുകളെ ആശ്രയിച്ച് തുടങ്ങി.