വൈപ്പിൻ: വൈപ്പിൻ കരയിലെ എളങ്കുന്നപ്പുഴ, ഞാറക്കൽ പഞ്ചായത്തുകളിലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന പ്രവണതക്കെതിരെ സി.പി.ഐയിൽ എതിർപ്പ്. കർത്തേടം ബാങ്കിലും പെരുമ്പിള്ളി ബാങ്കിലും സി.പി.എമ്മിനെതിരെ സി.പി.ഐ. കോൺഗ്രസുമായി ചേർന്ന് മത്സരിച്ച് വിവിജയിക്കുകയായിരുന്നു. കർത്തേടത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എൽ. ദിലീപ് കുമാർ കഴിഞ്ഞയാഴ്ച നടന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

അടുത്ത് നടക്കാനിരിക്കുന്ന ഞാറക്കൽ ബാങ്ക് തിരഞ്ഞെടുപ്പിലും കോൺഗ്രസിനോടൊപ്പം സഖ്യമുണ്ടാക്കി മത്സരിക്കാനാണ് മണ്ഡലം നേതൃത്വം തയ്യാറെടുക്കുന്നത്. ഇതിനെതിരെയാണ് പാർട്ടിയിലെ എതിർപ്പ്. 9 ലോക്കൽ സെക്രട്ടറിമാരിൽ7 പേരും ഈ സഖ്യത്തെ എതിർക്കുകയാണ്. ഇവരിൽ 6 പേരും 4 മണ്ഡലം കമ്മിറ്റി അംഗങ്ങളും മണ്ഡലത്തിലെ 2 ജില്ലാ കൗൺസിൽ അംഗങ്ങളും എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, മഹിളാ സംഘം ഭാരവാഹികളും കോൺഗ്രസ് സഖ്യത്തിനെതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകി.

സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം സി.പി.ഐയിൽ എത്തിയ നേതാവാണ് ദിലീപ് കുമാർ. ഇദ്ദേഹത്തോടൊപ്പം എളങ്കുന്നപ്പുഴ, ഞാറക്കൽ ഭാഗങ്ങളിലെ സി.പി.എം വിമതരും പാർട്ടിയിൽ എത്തിയതോടെ ഈ വിഭാഗമാണ് കോൺഗ്രസ് സഖ്യത്തിന് വേണ്ടി വാദിക്കുന്നതെന്ന് പാർട്ടിയിലെ പഴയ പ്രവർത്തകരുടെ പരാതി.