കൂത്താട്ടുകുളം: പ്രവാസിയായ കിഴകൊമ്പ് വലിയവിരിപ്പ് ആടുപാറയിൽ സന്തോഷിന്റെ അടഞ്ഞുകിടന്ന വീടിന്റെ ജനൽച്ചില്ലുകളും കുടിവെള്ള പൈപ്പുകളും നശിപ്പിച്ചതായി പരാതി. സംഭവത്തിൽ കൂത്താട്ടുകുളം പൊലീസിൽ സന്തോഷ് പരാതി നൽകി.

സന്തോഷിന്റെ ഭാര്യ ബിൻസി ഇന്നലെ രാവിലെ വീട് തുറക്കാനായി വന്നപ്പോഴാണ് ജനലുകളും പൈപ്പുകളും നശിപ്പിക്കപ്പെട്ടകാര്യം ശ്രദ്ധയിൽപ്പെട്ടത്.
സന്തോഷും കുടുംബവും കുവൈറ്റിലായിരുന്നു. ജൂൺ 10നാണ് അവധിക്ക് നാട്ടിലെത്തിയത്. ജൂലായ് 3ന് കുടുംബസമേതം ബന്ധുവീട്ടിൽ പോയി തൊട്ടടുത്ത ദിവസം തിരികെയെത്തിയപ്പോൾ സന്തോഷിന്റെയും ബിൻസിയുടെയും മക്കളായ ഇവാൻ, എലൈൻ എന്നിവരുടെയും പാസ്പോർട്ടുകളും വള അടക്കമുള്ള സ്വർണവും കവർച്ച ചെയ്യപ്പെട്ടതായി അറിഞ്ഞു. ഇതു സംബന്ധിച്ച് കൂത്താട്ടുകുളം പൊലീസിൽ പരാതി നൽകിയിരുന്നു. പാസ്പോർട്ടുകളുടെ ഡൂപ്ലിക്കേറ്റുകൾ ലഭിച്ചെങ്കിലും
വിസ പ്രോസസിംഗിന് കാലതാമസം വരുന്നതിനാൽ സന്തോഷിന് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഈ സംഭവത്തെ തുടർന്ന് കുട്ടികൾക്കൊപ്പം ബിൻസി സ്വന്തം വീട്ടിലാണ് താമസം. വീടിനു നേരെ തുടരെ ആക്രമണമുണ്ടാകുന്നതിൽ സന്തോഷവും കുടുംബവും കടുത്ത ആശങ്കയിലാണ്.