കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ മെയിൻ റോഡിന് സമീപം കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻചിറയിൽ സി.പി.കുഞ്ഞുമോന്റെ കുലയ്ക്കാറായ നൂറോളം ഏത്തവാഴകളും കൂർക്ക കൃഷിയുമാണ് കാട്ടാന നശിപ്പിച്ചത്. കൃഷിഭവൻ വഴി വാഴ ഇൻഷ്വർ ചെയ്തത് കർഷകന് ആശ്വാസമായി.

വെറ്റിലപ്പാറ പ്രദേശത്തെ കർഷകരെ പൂർണമായും വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചതായി കൃഷി ഓഫീസ് അധികൃതർ അറിയിച്ചു. ആനകൾ നശിപ്പിച്ച കൃഷിയിടം പ്രസിഡന്റ് ജെസി സാജുവിന്റെ നേതൃത്വത്തിലെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ് കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവരുമടങ്ങിയ സംഘം സന്ദർശിച്ചു.