മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നു. ജനവാസ കേന്ദ്രങ്ങളിൽ നിന്നടക്കം വെള്ളം ഇറങ്ങിയതോടെ ഭൂരിഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി.
കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനമായതോടെയാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നത്. മഴയിൽ താലൂക്കിൽ 316 വീടുകളിൽ വെള്ളം കയറിയിരുന്നു. വ്യാപക കൃഷിനാശവുമുണ്ടായി. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് മൂവാറ്റുപുഴ പട്ടണത്തെയാണ്. 200 ഓളം വീടുകളിലാണ് വെള്ളം കയറിയത്. നഗരത്തിലെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ വൈകിട്ട് അടച്ചതായി തഹസിൽദാർ കെ.എസ്. സതീശൻ അറിയിച്ചു.