മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി അഞ്ച് കോടി പതിനഞ്ച് ലക്ഷം രൂപ നഗരവികസന ഏജൻസിയായ കെ.ആർ.എഫ്.ബിക്ക് കിഫ്ബി കൈമാറി. കെ.എസ്.ഇ.ബിക്ക് 3.16 കോടിയുംവാട്ടർ അതോറിട്ടിക്ക് 1.99 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലെ നഗരവികസനം ഒന്നുകൂടി മെച്ചപ്പെടുമെന്ന് മാത്യുകുഴൽനാടൻ എം.എൽ.എ പറഞ്ഞു.
നഗരത്തിലെ പതിവായ വൈദ്യുതി മുടക്കവും പൊട്ടി ഒലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇല്ലാതാക്കുകയാണ് ഇപ്പോൾ തുക അനുവദിച്ചതിന്റെ ലക്ഷ്യം.
ഇതിനായി ഭൂമിക്കടിയിൽ ഡക്ട് നിർമ്മിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും സ്ഥാപിക്കും. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടികളുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
ഭൂഗർഭ കേബിളുകളിലൂടെ വൈദ്യുതി വിതരണം നടത്തുന്നത് അപകടങ്ങൾ കുറയ്ക്കാനും സഹായിക്കും. ഭൂമിക്കടിയിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകൾ ഡക്ടിലൂടെ ആക്കുന്നതോടെ അടിക്കടിയുള്ള പൈപ്പ് പൊട്ടലുകളൊഴിവാക്കാമെന്നും എം.എൽ.എ പറഞ്ഞു. വാട്ടർ അതോറിറ്റിക്കും കെ.എസ്.ഇ.ബിക്കും പ്രത്യേക ഡക്ടുകളാണ് നിർമ്മിക്കുക. നഗര വികസന പദ്ധതികൾക്കൊപ്പം പുതിയ പ്രവൃത്തികളും ടെൻഡർ ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.