
കൊച്ചി: നെടുമ്പാശേരി എം.എ എച്ച്.എസ് സ്കൂളിന് സമീപം ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മാഞ്ഞാലി സ്വദേശി ഹാഷീം മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ ദേശീയപാത അതോറിട്ടി മിന്നൽവേഗത്തിൽ കുഴികളടച്ചു. ഇതിനു പുറമേ ദേശീയപാതയിൽ കരാറുകാരായ ജി.ഐ.പി.എൽ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭാഗത്തെ കുഴികളും അടച്ചു. കഴിഞ്ഞ വെള്ളി രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
കുഴിയിൽ വീണ് മരണം: കരാറുകാരെ പ്രതിചേർത്തില്ല
തൃപ്രയാർ: തളിക്കുളത്ത് ദേശീയപാത 66ലെ അപകടത്തിൽ സനു സി.ജെയിംസ് (29) മരിച്ച കേസിൽ ദേശീയപാത അധികൃതരെയോ കരാർ കമ്പനിയെയോ പ്രതി ചേർത്തില്ലെന്ന് കുടുംബം. സനുവിന്റെ മാതാപിതാക്കളായ സി.വി.ജെയിംസും ശോഭയുമാണ് ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞമാസം 19നാണ് പഴഞ്ഞി അരുവായി ചെറുവനയ്ക്കൽ വീട്ടിൽ സനു ബൈക്കിൽ യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. "സാധാരണക്കാർക്കാണ് ഈ അവസ്ഥയുണ്ടാവുന്നത്. ഓരോരുത്തരുടെ ജീവനും വിലയുണ്ട്. അധികൃതർ കണ്ണു തുറക്കണം. അപകടമരണമായിട്ടും സ്ഥലം എം.എൽ.എയോ മറ്റു ജനപ്രതിനിധികളോ തിരിഞ്ഞുനോക്കിയില്ല" - ശോഭ ആരോപിച്ചു.