p

കൊച്ചി: ബധിര വിദ്യാർത്ഥികൾക്കുവേണ്ടി എയ്‌ഡഡ് കോളേജ് തുടങ്ങാൻ അനുമതിതേടി ആലുവയിലെ സേക്രഡ് ഹാർട്ട് ക്ളേരിസ് പ്രൊവിൻസ് ചാരിറ്റബിൾ സൊസൈറ്റി നൽകിയ അപേക്ഷ സർക്കാർ വീണ്ടുംപരിഗണിച്ച് രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ അനുമതി നൽകിയാൽ എം.ജി സർവകലാശാല കോളേജ് തുടങ്ങാനുള്ള അപേക്ഷ പരിഗണിച്ച് കാലതാമസമില്ലാതെ ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. ബധിര വിദ്യാർത്ഥികൾക്കുവേണ്ടി കമ്പ്യൂട്ടർ സയൻസിൽ ബിരുദകോഴ്‌സുള്ള കോളേജ് തുടങ്ങാൻ ഹർജിക്കാർ എൻ.ഒ.സിക്കുവേണ്ടി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും പുതിയ എയ്‌ഡഡ് കോളേജുകൾക്ക് അനുമതി നൽകേണ്ടെന്ന നയതീരുമാനം ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നതിനാലാണ് എയ്‌ഡഡ് കോളേജുകൾക്ക് അനുമതി നൽകേണ്ടെന്ന നയതീരുമാനമെടുത്തതെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ മറ്റ് എയ്‌ഡഡ് കോളേജുകളെപ്പോലെ ബധിരവിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കോളേജിനെ കാണരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.