കളമശേരി: സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ഏലൂർ നഗരസഭാ പ്രദേശത്ത് യാത്രക്കാർ വലഞ്ഞു. മഞ്ഞുമ്മൽ സ്വദേശിനിയായ യാത്രക്കാരിയുടെ പരാതിയെ തുടർന്ന് ഏലൂർ -എറണാകുളം റൂട്ടിലെ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തതിലും ബസ് കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ചായിരുന്നു ഏകദിന പണിമുടക്ക്. പണിമുടക്കിനിടയിലും ഓഫീസ് ജോലിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്കായി ബസ് ജീവനക്കാർ രാവിലേയും വൈകിട്ടും സൗജന്യമായി ടെമ്പോ ട്രാവലർ നിരത്തിലിറക്കിയത് കൗതുകമായി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ഡി.ടി.യു യൂണിയനുകൾ വൈകിട്ട് ഫാക്ട് കവലയിൽ പ്രതിഷേധയോഗവും ചേർന്നു.