കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിനെതിരെ (ഗസാലി) റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ വേഗത്തിലാക്കി കൊച്ചി സിറ്റി പൊലീസ്. ഇതിന്റെ ആദ്യപടിയായി ഉടനെ കേസിൽ കുറ്റപത്രം നൽകി കോടതി വാറണ്ട് വാങ്ങിയശേഷം വിദേശകാര്യ മന്ത്രാലയം വഴി ഇന്റർപോളിന് കൈമാറും. നേരത്തെ സമാനമായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പലതലണ ആവശ്യപ്പെട്ടിട്ടും മജീദ് കുവൈറ്റിൽനിന്ന് മടങ്ങിയെത്താൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് പൊലീസ് നടപടി കടുപ്പിക്കുന്നത്. വിസയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞമാസം 18ന് കീഴടങ്ങാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പെരുന്നാൾ കാലമായതിനാൽ കുവെറ്റിൽ അവധിയാണ്. അതിനാലാണ് വിസ നടപടിക്രമങ്ങൾ വൈകുന്നതെന്നാണ് മജീദിന്റെ ഒടുവിലത്തെ വിശദീകരണം. മജീദ് നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാറിനാണ് മജീദിനെതിരെ ഒടുവിൽ പരാതി ലഭിച്ചത്. കുവൈറ്റിൽനിന്ന് തിരികെയെത്തിയ യുവതിയാണ് പരാതി നൽകിയത്. വാഗ്ദാനം നൽകിയ ജോലിയും ശമ്പളവും നൽകാത്തതിനും നാട്ടിലെത്തിയശേഷവും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. മജീദ് കുവൈറ്റ് മനുഷ്യക്കടത്തിലെ പ്രധാനിയാണെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങൾ പരാതിക്കാരി കൈമാറിയിരുന്നു. എറണാകുളം സൗത്ത് സ്‌റ്റേഷനിൽ മൂന്ന് പരാതികളാണ് മജീദിനെതിരെയുള്ളത്. കേസിൽ ഇയാളുടെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.