
ആലുവ: പി.ഡബ്ളിയു.ഡി റോഡിലെ മരണ കുഴികൾ അടച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം. തോട്ടുമുഖം, കുട്ടമശേരി, എടയപ്പുറം, എൻ.എ.ഡി റോഡ്, കീഴ്മാട് മലയൻകാട്, ചൂണ്ടി, എടത്തല എം.ഇ.എസ് കവല, കടുങ്ങല്ലൂർ മുപ്പത്തടം എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും റോഡ് തകർന്ന നിലയിലുള്ളത്.
നെടുമ്പാശേരിയിൽ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മഴ മാറിയാൽ അറ്റകുറ്റപ്പണി നടത്തുമെന്ന് പി.ഡബ്ളിയു.ഡി അധികൃതർ പ്രഖ്യാപിച്ചെങ്കിലും നടപ്പായിയില്ലെന്ന് നാട്ടുകാർ പറയുന്നു. പി.ഡബ്ളിയു.ഡിയും കിഫ്ബിയും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്.
പി.ഡബ്ളിയു.ഡി ഓഫീസ്
മാർച്ചിൽ സംഘർഷം
യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പി.ഡബ്ളിയു.ഡി ഓഫീസ് മാർച്ചിൽ സംഘർഷം. സമരം നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റി വിട്ടത് സമരക്കാരും പൊലീസും തമ്മിൽ പോർവിളിക്ക് കാരണമായി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി മുപ്പത്തടത്ത് സംഘടിപ്പിച്ച റോഡ് ഉപരോധം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഞ്ചു വർഗ്ഗീസ്സ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ്
വാഴനട്ടു
മുസ്ലീം യൂത്ത് ലീഗ് എടത്തല എം.ഇ.എസ് കവലയിലെയും കുട്ടമശേരിയിലെയും കുഴികളിൽ വാഴനട്ടു. എടത്തലയിൽ പി.എം. നാദർഷ ഉദ്ഘാടനം ചെയ്തു. എം.എ. അഷ്‌കർ അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കുട്ടമശേരിയിൽ സംഘടിപ്പിച്ച സമരം ലീഗ് കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കുട്ടമശ്ശേരി ഉദ്ഘാടനം ചെയ്തു. സുധീർ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് ചെറോടത്ത്, കെ.ബി. അബ്ദുറഹീം എന്നിവർ സംസാരിച്ചു.
വ്യാപാരികളുടെ
ധർണ
ചൂണ്ടിയിലെ കുഴി അടക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ചൂണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഹുസൈൻ കുന്നുകര ഉദ്ഘാടനം ചെയ്തു.