highcourt

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എം.പിമാരടക്കമുള്ളവർക്ക് അനുവദിച്ചിരുന്ന ക്വാട്ടകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു.റദ്ദാക്കിയ ക്വാട്ടകൾ പുനഃസ്ഥാപിക്കാനുള്ള സിംഗിൾബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രീയ വിദ്യാലയ സംഗാധനും കേന്ദ്രസർക്കാരും നൽകിയ അപ്പീലുകൾക്കാണ് ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ,ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.

എം.പിമാരുടെ പത്തുസീറ്റുകളും വിദ്യാലയസമിതി ചെയർമാൻമാരുടെ രണ്ട് സീറ്റുകളും കേന്ദ്രസർക്കാർ റദ്ദാക്കിയത് ചോദ്യംചെയ്ത് കോട്ടയം,കണ്ണൂർ സ്വദേശികളായ വിദ്യാർത്ഥികളുടെ ഹർജിയിൽ ഇവ പുന:സ്ഥാപിക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീൽനൽകിയത്.കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച അനാഥരായ കുട്ടികളടക്കം ദുർബല വിഭാഗങ്ങളിലുള്ളവർക്ക് പ്രവേശനം നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിലാണ് ശുപാർശയുടെ അടിസ്ഥാനത്തിലുളള ക്വാട്ടകൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും കേന്ദ്രസർക്കാർ വാദിച്ചു.ഈ വാദം അംഗീകരിച്ച ഡിവിഷൻബെഞ്ച് കേന്ദ്രസർക്കാരിന്റെ നടപടി ശരിവയ്ക്കുകയായിരുന്നു.