കൊച്ചി: എസ്.എൻ.ഡി.പി യോഗം എളമക്കര ശാഖയിലെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി 17 ന് പതാകദിനം ആചരിക്കും. രാവിലെ 8.30ന് ശാഖായോഗത്തിലും 8.40ന് കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും 8.45ന് ശ്രീനാരായണ കുടുംബങ്ങളിലും ധർമ്മപതാക ഉയർത്തും.

ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം സെപ്തംബർ പത്തിന് രാവിലെ 11 ന് കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. എളമക്കര ശ്രീനാരായണ ദാർശനികഭവനിൽ നടക്കുന്ന ചടങ്ങിൽ ശാഖാ സെക്രട്ടറി എ.കെ. രതീഷ്, ശാഖാ പ്രസിഡന്റ് എൻ.സോമൻ എന്നിവർ സംസാരിക്കും. ഗുരുദർശന രഘനയുടെ പ്രഭാഷണം, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം എന്നിവ ഉണ്ടായിരിക്കും. കൗൺസിലർമാരായ സി.എ.ഷക്കീർ, സജിനി ജയചന്ദ്രൻ, വനിതാസംഘം പ്രസിഡന്റും മൈക്രോഫിനാൻസ് കോ ഓർഡിനേറ്ററുമായ ഗീത ദിനേശൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് മധു മാടവന, വൈസ് പ്രസിഡന്റ് എ.പി. സന്തോഷ് എന്നിവർ ആശംസകൾ നേരും.